ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സേനാമേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഉറിയിലെ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ ഉള്‍പ്പെടെ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.
സെവന് ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് കോഴിക്കോടേക്ക് പുറപ്പെടാനിരിക്കെയാണ് അദ്ദേഹം സേനാമേധാവികളുമായി കൂടിക്കാഴ്ച നടത്തിയത്. സേനാമേധാവികള്‍ക്ക് പുറമേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
രാജ്യത്തിന്റെ പൊതുസുരക്ഷയും ഉറി ആക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയിലെ സ്ഥിതിയുമായിരുന്നു ചര്‍ച്ച. ഉറിയിലെ ആക്രമണത്തിന് ശേഷം കശ്മീരിലെ അതിര്‍ത്തിമേഖലയില്‍ നടത്തിയ പരിശോധനയില്‍ പത്ത് നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു.
നുഴഞ്ഞുകയറ്റത്തിന് തടയിടാന്‍ അതിര്‍ത്തി മേഖലയില്‍ സൈന്യം പരിശോധനകള്‍ ശക്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സൈനിക നടപടിയുടെ പുരോഗതി വിലയിരുത്തുകയായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെന്നാണ് വിവരം.