കോഴിക്കോട്: കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയെ സിപിഎമ്മിന് അക്രമങ്ങള്‍ കൊണ്ട് തടയാന്‍ കഴിയില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് ഇനി അധികാരത്തിലെത്തുക ബിജെപിയായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്ക് കോഴിക്കോട് പുണ്യഭൂമിയാണെന്ന് പറഞ്ഞുകൊണ്ടാണ് കടപ്പുറത്ത് തടിച്ചുകൂടിയ പതിനായിരങ്ങളെ അമിത് ഷാ അഭിസംബോധന ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ നല്കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം ഇനി ബിജെപിയാകും കേരളത്തില്‍ അധികാരത്തിലെത്തുകയെന്നും കൂട്ടിച്ചേര്‍ത്തു.
കേരളം ഭരിക്കുന്ന സിപിഎം ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേര നടത്തുന്ന അക്രമങ്ങള്‍ രാജ്യത്തിനാകെ അപമാനമാണ്. സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഈ ആക്രമണങ്ങളിലൂടെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ തടയാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ദാരിദ്ര്യമില്ലാതാക്കാനുള്ള പരിശ്രമത്തിലാണ് മോദി സര്‍ക്കാര്‍. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
1967ല്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഭാരതീയ ജനസംഘത്തിന്റെ അധ്യക്ഷനായ അതേ ഭൂമിയില്‍ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കും തുടക്കമാവുകയാണ്. അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കണമെന്നും അതിന് പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നുമുളള ആഹ്വാനത്തോടെയാണ് അമിത് ഷാ പ്രസംഗം അവസാനിപ്പിച്ചത്.