തിരുവനന്തപുരം : സൗജന്യറേഷന് പദ്ധതി വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഓണം-ബക്രീദ് മെട്രോ ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് പുറമേ തൊഴിലുറപ്പ് കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 300 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മിതമായ നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കാനാണ് 1464 ഓണച്ചന്തകളും 1350 പച്ചക്കറിച്ചന്തകളും ആരംഭിക്കുന്നത്. ഇതിനുപുറമേ താലൂക്കുതലങ്ങളില്‍ 75 ഫെയറുകളും മാവേലി സ്റ്റോര്‍ ഇല്ലാത്ത 34 പഞ്ചായത്തുകളില്‍ മിനിഫെയറുകളും ഉള്‍പ്പെടെ നിരവധി പ്രത്യേക ഫെയറുകള്‍ ആരംഭിക്കുന്നുണ്ട്. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും പ്രത്യേക ഓണക്കിറ്റ് നല്‍കും.
എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് നിലവില്‍ ലഭിക്കുന്ന എട്ടുകിലോ അരിക്ക് പുറമേ, ഓണക്കാലത്ത് രണ്ടുകിലോ അരി കൂടി നല്‍കും. സ്കൂള്‍ കുട്ടികള്‍ക്ക് ഓണസമ്മാനമായി അഞ്ചുകിലോ അരി നല്‍കും. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടിയെടുക്കും. ഇതിനായി സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. പ്രൈസ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനവും ഊര്‍ജിതമാക്കും.
മാവേലി സ്റ്റോര്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ തുടങ്ങാന്‍ നടപടിയായിട്ടുണ്ട്. റേഷന്‍കടകള്‍ നവീകരിച്ച് പലചരക്ക് സാധനങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. ഇതിനാവശ്യമായ വായ്പാസൗകര്യവും ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബി.പി.എല്‍ കിറ്റ് വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ഭക്ഷ്യ-പൊതുവിതരണവകുപ്പുമന്ത്രി പി. തിലോത്തമന് അധ്യക്ഷത വഹിച്ചു. വൈദ്യുതി-ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന് ആദ്യവില്പന നിര്‍വഹിച്ചു.