കോഴിക്കോട്: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരാൻ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. പ്രശ്ന പരിഹാരത്തിന് കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കണമെന്നും ജേക്കബ് വിഭാഗം കോഴിക്കോട് ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം കോഴിക്കോട് ജില്ലാപ്രവത്തക കണ്വന്ഷന് എത്തവെയാണ് മാണി വിഷയത്തിൽ പാര്‍ട്ടി നേതാക്കള്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അനൈക്യമാണ് മുന്നണിയിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചത്. ഐക്യത്തോടെ പോകാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും മാണിയെ തിരിച്ചുകൊണ്ടുവരാൻ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും പാര്‍ട്ടി ചെയര്മാൻ ജോണിനെല്ലൂര്‍ ആവശ്യപ്പെട്ടു.
മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകാൻ മുന്‍കൈയെടുക്കേണ്ടത് കോണ്‍ഗ്രസാണ്, കോണ്‍ഗ്രസിലെ സംഘടനാ പ്രശ്നങ്ങള്‍ക്ക് അവര്‍ തന്നെ പരിഹാരം കാണണമെന്ന് പാര്‍ട്ടി നേതാവ് അനൂപ് ജേക്കബ് എംഎല് എ പറഞ്ഞു.
കഴിഞ്ഞസര്‍ക്കാരിൽ താന്‍ കൈകാര്യം ചെയ്ത വകുപ്പ് സംബന്ധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും അനൂപ് ജേക്കബ് ആവശ്യപ്പെട്ടു.