ഇടുക്കി: തനിച്ചു താമസിക്കുന്ന സ്ത്രീ വീട്ടുമുറ്റത്തു നിറച്ചുവച്ച കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയതായി പരാതി. ഇടുക്കി കുരുവിളാസിറ്റി മലയില്‍ കൗസല്യയുടെ പരാതിയെത്തുടര്‍ന്ന് ശാന്തമ്പാറ പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. അയല്‍വാസിയുടെ കുളത്തില്‍ നിന്നും കുടത്തില്‍ വെള്ളമെടുത്ത് മുറ്റത്ത് വച്ച ശേഷം കൗസല്യ തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് കുടത്തില്‍ വിഷം കലര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. വിഷം കലര്‍ന്ന് പാല്നിറമായ വെള്ളത്തിന് രൂക്ഷമായ ദുര്‍ഗന്ധവുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു.
ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധര്‍ വര്‍ദ്ധിച്ചു വരികയാണെന്ന് നാട്ടുകാര്‍ നേരത്തെ പരാതി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ചക്കാലക്കുന്നേല്‍ അവറാച്ചന്റെ വീടിന്റെ മുറ്റത്തുള്ള കിണറ്റില്‍ സാമൂഹ്യവിരുദ്ധര്‍ മണ്ണെണ്ണ കലക്കിയിരുന്നു. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹത്തലേന്നായിരുന്നു ഇത്. ഈ സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ജീവനു തന്നെ ഭീഷണിയാകുന്ന ഇത്തരം പ്രതികളെ പിടികൂടിയില്ലെങ്കില്‍ പ്രതിഷേധ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.