ശ്രീനഗർ : കശ്മീരിൽ ഭീകരർ നടത്തിയ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി . ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു . രണ്ട് സൈനികർ വീരചരമമടഞ്ഞു. കശ്മീരിലെ കുപ്വാര മേഖലയിൽ നിയന്ത്രണരേഖയ്ക്ക് സമീപമായിരുന്നു എറ്റുമുട്ടൽ.
നിയന്ത്രണ രേഖയ്ക്ക് സമീപം സംശയകരമായ സാഹചര്യത്തിൽ അപരിചിതരുടെ നീക്കം കണ്ടെത്തിയ സൈന്യത്തിനു നേരേ ഭീകരർ വെടിവെക്കുകയായിരുന്നു . തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടത്.
രണ്ട് എ കെ 47 തോക്കുകളും വെടിയുണ്ടകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. കഴിഞ്ഞ ജൂലൈ 26 ന് നടന്ന നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു . നാല് ഭീകരർ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ഒരു ഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു.