വാരണാസി : യോഗയുടെ ഗുണങ്ങൾ വിവരിച്ച് മലയാളി നിർമ്മിച്ച ഭീമൻ കവർ വാർത്തയാകുന്നു . വർക്കല സ്വദേശിയായ ഡോ: ജഗദീഷ് പിള്ള രണ്ടാം അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നിർമ്മിച്ച എൻവലപ്പാണ് ഗിന്നസ് റെക്കോർഡിന് പരിഗണിക്കപ്പെടുന്നത്.
60 അടി നീളവും 45.30 അടി വീതിയുമുള്ള കവറാണ് ജഗദീഷ് നിർമ്മിച്ചത് . യോഗ ചെയ്യുന്നത് കൊണ്ടുള്ള നൂറു ഗുണങ്ങൾ കവറിൽ ചിത്രണം ചെയ്തിട്ടുണ്ട് . ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ചെയ്യുന്നതിന്റെ ചിത്രവും അന്താരാഷ്ട്ര യോഗദിനത്തിന്റെ ലോഗോയും കവറിലുണ്ട്. 58 അടി 7.15 ഇഞ്ച് നീളവും 42 അടി 11.75 വീതിയുമുള്ള കവർ നിർമ്മിച്ചതിന്റെ റെക്കോർഡാണ് ജഗദീഷ് പിള്ള പഴങ്കഥയാക്കുന്നത് .
എറ്റവും കുറഞ്ഞ സമയം കൊണ്ട് ടിവി അനിമേഷൻ ചിത്രം പൂർത്തിയാക്കി സംപ്രേഷണം ചെയ്തതിന്റെ റെക്കോർഡും ഡോ: ജഗദീഷ് പിള്ളയ്ക്കാണ് . മൂന്ന് മണിക്കൂർ 34 മിനുട്ട് 18 സെക്കൻഡ് കൊണ്ടാണ് ജഗദീഷ് അനിമേഷൻ ചിത്രം പൂർത്തിയാക്കിയത്. കനേഡിയൻ അനിമേഷൻ കമ്പനി ആറു മണിക്കൂർ കൊണ്ട് ചിത്രം പൂർത്തിയാക്കിയതിന്റെ റെക്കോർഡാണ് തകർക്കപ്പെട്ടത്.
വാരണാസി എന്ന നഗരത്തെ ആസ്പദമാക്കി നൂറു ഡൊക്യുമെന്ററികളും ഏറ്റവും ദൈർഘ്യമുള്ള ഡോക്യുമെന്ററിയും ഏറ്റവും കൂടുതൽ ഭാഷകളിൽ തർജ്ജമ ചെയ്യുന്ന ഡോക്യുമെന്ററിയും സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഡോ . ജഗദീഷ് .
മാനവിക വിഷയത്തിൽ ഗവേഷണ ബിരുദമുള്ള ഡോ. ജഗദീഷ് പിള്ള ഉത്തർ പ്രദേശ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായിരുന്ന പരമേശ്വരൻ പിള്ളയുടേയും സരോജത്തിന്റെയും മകനാണ് . വർക്കലയിലാണ് വേരുകളെങ്കിലും ജനിച്ചതും വളർന്നതും വാരണാസിയിലാണ് . സാമൂഹിക വിഷയങ്ങളിൽ ഡോക്യുമെന്ററികളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . വാരണാസിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും കൂടിയാണ് ഡോ.ജഗദീഷ്.