കൊച്ചി: പ്രധാനമന്ത്രിയുടെ സ്വപ്നപദ്ധതിയായ ശുചിത്വ ഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ എല്ലാ വീടുകളിലും നവംബര്‍ മാസത്തോടെ സര്‍ക്കാര്‍ ശുചിമുറികള്‍ നിര്‍മ്മിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച കേരളത്തിന്റെ ദേശീയപാത വികസനത്തില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും സി.പി.എം സെക്രട്ടറി കൊച്ചിയില്‍ വ്യക്തമാക്കി.
മാലിന്യ മുക്ത കേരളമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാല്‍ പോര, അത് പ്രാവര്‍ത്തികമാക്കാനുള്ള ഇച്ഛാശക്തി വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയപ്പോള്‍ പ്രധാനമായും ചര്‍ച്ച ചെയ്ത വിഷയമാണ് ഇത്.
കേരളത്തില്‍ രണ്ടു ലക്ഷത്തോളം വീടുകളില്‍ ഇപ്പോഴും ശുചിമുറികള്‍ ഇല്ലെന്നും ഇതൊരു ചെറിയ കാര്യമല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ കൂടിക്കാഴ്ചയും സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനം പരിതാപകരമാണെന്നും കേന്ദ്രനിലപാട് ഇതു മറികടക്കാന്‍ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ടൗണ്‍ഹാളില്‍ ജില്ലാ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.പി.എം നേതാവ്.