ലിബിയ: ഐ.സിനെതിരെയുളള ആക്രമണത്തിന് ബ്രിട്ടൺ പുതിയ യുദ്ധ തന്ത്രം പ്രയോഗിക്കുന്നു. ബോളിവുഡ് പാട്ടുകൾ ഉപയോഗിച്ച് ശത്രുവിനെ പാളയത്തിൽ നിന്ന് പുറത്തു ചാടിക്കുന്നതാണ് പുതിയ രീതി.
ഐ.എസിനെ ഉൻമൂലനം ചെയ്യാൻ പതിനെട്ടടവും പയറ്റുകയാണ് ബ്രിട്ടൺ. വ്യോമാക്രമണം പോലെ ഏറ്റവും ആധുനികമായ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനൊപ്പം ഒരു പടി കൂടി കടന്നു ചെന്ന് ശത്രുവിനെ കീഴ്പ്പെടുത്താൻ ബോളിവുഡ് ഗാനങ്ങൾ ഉപയോഗിക്കുന്നതിലേക്കു വരെ എത്തി നിൽക്കുന്നു യുദ്ധ തന്ത്രങ്ങൾ. ലിബിയയിലെ ഐ.എസ് കേന്ദ്രങ്ങളിലാണ് ബ്രിട്ടൻ മനഃശ്ശാസ്ത്രപരമായ ഈ തന്ത്രം ഉപയോഗിച്ചതെന്ന് ബ്രിട്ടൺ സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ ഉപദേശമാണ് ഇതിന് പ്രേരകമായെതന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പറഞ്ഞു. ലിബിയൻ സൈന്യത്തിന്റെ സഹായത്തോടെയാണ് ഇത് പ്രാവർത്തികമാക്കിയത്.
ഭീകരർ ഉണ്ടെന്നു കരുതുന്ന കേന്ദ്രങ്ങൾക്ക് അടുത്തായി കാറുകളിലും മറ്റും പാട്ടുകൾ ഉച്ചത്തിൽ വയ്ക്കും. പാട്ടു കേൾക്കുന്നത് നിഷിദ്ധമായ ഭീകരർ ഇതിൽ അസ്വസ്ഥരായി പുറത്തിറങ്ങുന്നതു നോക്കിയിരുന്ന് ആക്രമണം നടത്തുകയാണ് പുതിയ രീതി. പ്രശസ്തമായ ഹിന്ദി ഗാനങ്ങളുടെ ഒരു വൻ ശേഖരം തന്നെ ഉപയോഗിക്കുന്നതായാണ് വിവരം. എന്നാൽ ഇതിന്റെ കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.