ന്യൂഡൽഹി: രണ്ടുവർഷത്തെ ഭരണത്തിനിടെ എൻ.ഡി.എ സർക്കാർ പരമാവധി പരിഷ്കരണങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യപുരോഗതിക്കായി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നും പ്രശസ്ത അമേരിക്കൻ പത്രമായ വാൾസ്ട്രീറ്റ് ജേർണലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
എൻ.ഡി.എ സർക്കാർ രണ്ടാംവർഷത്തിലേക്ക് കടക്കുന്ന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാൾസ്ട്രീറ്റ് ജേർണലിന് പ്രത്യേക അഭിമുഖം നൽകിയത്. രണ്ടുവർഷത്തെ ഭരണത്തിനിടയിൽ ആവിഷ്കരിച്ച നിർണായക പദ്ധതികളും നേട്ടങ്ങളും അഭിമുഖത്തിൽ പ്രധാനമന്ത്രി വിവരിക്കുന്നു. കഴിഞ്ഞ 2 വർഷക്കാലയളവിലുളള തന്റെ സർക്കാർ സാധ്യമായ പരിഷ്കാരങ്ങൾ എല്ലാം നടപ്പാക്കിയിട്ടുണ്ട്.
റെയിൽവേയുടെ ആധുനികവത്കരണം ഉൾപ്പടെയുളള നടപടികൾ പ്രധാനമന്ത്രി പ്രത്യേകം ചൂണ്ടിക്കാട്ടുന്നു. പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടുളളവയെന്ന് പറഞ്ഞ് മുൻ സർക്കാരുകൾ മാറ്റിനിർത്തിയ പരിഷ്കാരങ്ങളാണ് സർക്കാർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
രാജ്യത്തിന്റെ സമഗ്രവികസനം മുൻനിർത്തി ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ ഇന്ന് ഭാരതത്തിന്റെ സ്ഥാനം മുൻനിരയിൽ തന്നെയാണ്. വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന സ്വീകാര്യത വിരൽചൂണ്ടുന്നത് ഈ വസ്തുതയിലേക്കാണെന്നും നരേന്ദ്ര മോദി അഭിമുഖത്തിൽ വ്യക്തമാക്കി.
കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ എൻ.ഡി.എ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അഴിമതി തുടച്ചുനീക്കുന്നതിനും, ഗ്രാമീണ മേഖലയുടെ വികസനത്തിനുമാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു.