ന്യൂഡൽഹി : നേതാജിയുമായി ബന്ധപ്പെട്ടുള്ള 25 രഹസ്യ രേഖകൾ കൂടി കേന്ദ്രസർക്കാർ പുറത്തുവിട്ടു. കേന്ദ്രമന്ത്രി മഹേഷ് ശർമ്മയാണ് രേഖകൾ പരസ്യമാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള 5 ഉം, ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള 5 ഉം , വിദേശ കാര്യമന്ത്രാലയത്തിൽ നിന്നുള്ള 15 രേഖകളുമാണ് മൂന്നാം ഘട്ടത്തിൽ പുറത്തുവിട്ടത്. 1956 മുതൽ 2009 വരെയുള്ള രേഖകളാണ് ഇവയിലുള്ളത്.
രാഷ്ട്രത്തിലെ ജനങ്ങൾ പ്രത്യേകിച്ചും യുവാക്കൾ നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകൾ അറിയാനും സ്വാതന്ത്ര്യ സമരത്തിന് നേതാജി നൽകിയ സംഭാവനകൾ മനസ്സിലാക്കാനും ആഗ്രഹിക്കുന്നതായി മഹേഷ് ശർമ്മ പറഞ്ഞു. ജപ്പാന്റെ കൈവശമുള്ള രണ്ട് രേഖകൾ കൂടി പരസ്യമാക്കുമെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.നേതാജിയുടെ ജീവിതവും സമരവും പ്രതിപാദിക്കുന്ന സ്മാരകം ഡൽഹിയിൽ നിർമ്മിക്കുമെന്നും ശർമ്മ അറിയിച്ചു .
കഴിഞ്ഞ ജനുവരി 23 നാണ് കേന്ദ്രസർക്കാർ ആദ്യമായി രേഖകൾ പുറത്തുവിട്ടത് . ആദ്യഘട്ടത്തിൽ 100 രേഖകളാണ് പുറത്തു വിട്ടത് . രണ്ടാം ഘട്ടത്തിൽ 50 രേഖകൾ മാർച്ച് 29 നും പരസ്യമാക്കി. നേതാജി ആരാധകർക്കും ബന്ധുക്കൾക്കും പ്രധാനമന്ത്രി നൽകിയ വാഗ്ദാനമനുസരിച്ചാണ് രേഖകൾ പുറത്ത് വിടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.