എസ്സെൻ: ജർമ്മനിയിലെ എസ്സെൻ നഗരത്തിലെ ഗുരുദ്വാരയിൽ കഴിഞ്ഞയാഴ്ച്ച ബോംബാക്രമണം നടത്തിയ വിദ്യാർത്ഥികൾ ഐ.എസ്. അനുഭാവികളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റിന്റെയും, അൽ ഖ്വൈദയുടെയും വക്താക്കൾ അറിയിച്ചു.
ഏപ്രിൽ 16ന് നാനാക്സർ സത്സംഗ് സഭ ഗുരുദ്വാരയിലായിരുന്നു സംഭവം. 16 വയസ്സുകാരായ രണ്ടു വിദ്യാർത്ഥികൾ നീയണയ്ക്കാനുപയോഗിക്കുന്ന സാമഗ്രിക്കുളളിൽ സ്ഫോടകവസ്തുക്കൾ നിറച്ച് തീ കൊളുത്തുകയായിരുന്നു.
എന്നാൽ പിടിയിലായ വിദ്യാർത്ഥികൾ, വെടി പൊട്ടുന്നതു കാണാനുളള കൗതുകത്തിനാണ് തങ്ങളിതു ചെയ്തതെന്നാണ് പൊലീസിനോടു പറഞ്ഞിരിക്കുന്നത്. വിദ്യാർത്ഥികൾ ക്രിമിനൽ പശ്ചാത്തലമുളളവരാണെന്നും, ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവപൂർവ്വമാണ് ചോദ്യം ചെയ്യലിൽ അവർ പ്രതികരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
സ്ഫോടനത്തിൽ ഗുരുദ്വാരയിലെ ഒരു വൈദികന് ഗുരുതരമായി പരിക്കേൽക്കുകയും മറ്റു രണ്ടു പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനത്തിൽ ഗുരുദ്വാരയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.