പാലക്കാട്: എല്‍ഡിഎഫിന് ആധിപത്യമുള്ള മണ്ഡലാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലമെങ്കിലും വിമത ഭീഷണിയാണ് അവരുടെ ആശങ്ക. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മികച്ച പ്രകടനം നടത്തിയ യുഡിഎഫും ബിജെപിയും പ്രതീക്ഷയിലാണ്.
ഒറ്റപ്പാലം മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് ഒറ്റപ്പാലം നിയമസഭാ മണ്ഡലം. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലും നഗരസഭയിലും ഭരണം ഇടതുപക്ഷത്തിനൊപ്പം. എന്നാല്‍ ഇടതുവിമതരായ ഇടതുസ്വതന്ത്രമുന്നണിക്കും മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുണ്ട്. ഇതാണ് ബിജെപിയുടെയും യുഡിഎഫിന്റെയും പ്രതീക്ഷ.
ഇടതുകോട്ടയില്‍ ഇത്തവണയും വിള്ളല്‍ വീഴില്ലെന്ന വിശ്വാസത്തിലാണ് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ഉണ്ണി പ്രചാരണം നടത്തുന്നത്. അതേസമയം, മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് സംസ്ഥാന നേതാവായ ഷാനിമോള്‍ ഉസ്മാനെ രംഗത്തിറക്കിയത്. 1977ലും 87ലും ഇവിടെ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്. ഒറ്റപ്പാലം നഗരസഭയിലും മിക്ക പഞ്ചായത്തുകളിലും നിര്‍ണായക സ്വാധീനമുള്ള ബിജെപിയും പ്രതീക്ഷയിലാണ്.