കോഴിക്കോട്: ന്യൂജനറേഷന് കാലത്ത് തെരഞ്ഞെടുപ്പ് പ്രചരണവും വോട്ടഭ്യര്‍ഥനയുമെല്ലാം ന്യൂജെന്‍ ആകാതെ തരമില്ലല്ലോ. മലബാറുകാര്‍ പൊതുവെ പാരമ്പര്യവാദികളായ രാഷ്ട്രീയക്കാരാണെന്ന് പറയാറുണ്ടെങ്കിലും സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും പ്രചരണ തന്ത്രവുമെല്ലാം ഇത്തവണ അടിമുടി വ്യത്യാസപ്പെട്ടിരിക്കുകയാണ്.
ഇടതു വലതു മുന്നണികളെന്നോ എന്‍.ഡി.എയെന്നോ വ്യത്യാസമില്ലാതെ ജനമനസില്‍ ഇടംപിടിക്കും വിധമുള്ള വാചകങ്ങള്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ മലബാറില്‍ പ്രത്യക്ഷപ്പെടുന്നത്. നന്മ തുടരാന്‍ നല്ല കോഴിക്കോട്ടുകാരന് എന്നതാണ് സൗത്ത് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ മുനീറിന്റെ പ്രചാരണ വാചകം. ഇതിനെ പ്രതിരോധിക്കുന്ന ഇടതു സ്ഥാനാര്‍ഥി എ.പി.അബ്ദുള്‍ വഹാബ് ഹൃദയത്തിന്റെ അയല്ക്കാരന് ഒരു വോട്ടാണ് ആവശ്യപ്പെടുന്നത്. നോര്‍ത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.പ്രദീപ് കുമാര്‍ ജനപക്ഷ വികസനത്തിന്റെ നേര്കാഴ്ചയുമായി എത്തുമ്പോള്‍ പെരുമയുടെ നാട്ടിലെ നേരിന്റെ കൂട്ടുകാരനായാണ് യു.ഡി.എഫിലെ പി.എം.സുരേഷ് ബാബുവിന്റെ രംഗപ്രവേശം.
എല്ലാം ന്യൂജനറേഷനായപ്പോള് പഴയകാലത്ത് ഉപയോഗിച്ചിരുന്ന ക്ലീഷേ വാചകങ്ങളെ എതാണ്ട് പൂര്‍ണമായും പടിക്ക് പുറത്താക്കി. ഓരോ ക്യാപ്ഷനും പിന്നില്‍ തല പുകക്കുന്ന ബുദ്ധി കേന്ദ്രങ്ങള്‍ മറ്റ് പ്രചാരണ വാചകത്തോട് സാമ്യമുണ്ടാകാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്. നോര്‍ത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി കെ.പി.ശ്രീശന് എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യം മുന്നോട്ട് വെക്കുമ്പോള്‍ സൗത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കുറ്റിക്കല്‍ സതീഷ് പറയുന്നത് ഇടത്തോട്ടുമല്ല വലത്തോട്ടുമല്ല നേരെ മുന്നോട്ടെന്നാണ്.
നമ്മുടെ ഹൃദയതുടിപ്പിനൊപ്പം പുരുഷന് കടലുണ്ടിയും ജനകീയ നായകനായി യു.സി.രാമനും എത്തിയതിന് പുറമെ ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷബദലുമായി SDPIയും ജനാധിപത്യ സമരശക്തി പടുത്തുയര്‍ത്താനായി SUCIയും രംഗത്തുണ്ട്. വ്യത്യസ്ഥങ്ങളായ പരീക്ഷണങ്ങളിലൂടെ എല്ലാ തലമുറയെയും ആകര്‍ഷിച്ചു കൊണ്ട് ന്യൂജെന്‍ തന്ത്രങ്ങളുമായി പ്രചാരണം ഉഷാറാക്കുകയാണ് മലബാറിലെ ഓരോ സ്ഥാനാര്‍ഥിയും.