മുംബൈ: സ്വച്ഛ് ഭാരത് പദ്ധതിക്ക് വീണ്ടുമൊരു ചുവടു വയ്പ്പു കൂടി. ‘ക്ലീൻ മൈ കോച്ച്‘ സൗകര്യവുമായി രണ്ട് ട്രെയിനുകൾ കൊങ്കൺ റെയിൽ വേ യാത്ര ആരംഭിച്ചു. യാത്രാവേളയിൽ കേവലം ഒരു എസ്.എം.എസിലൂടെ യാത്രക്കാർക്ക് തങ്ങളുടെ കമ്പാർട്ട്മെന്റ് വൃത്തിയാക്കാൻ ആവശ്യപ്പെടാം. ട്രെയിൻ ഹൗസ് കീപ്പിംഗ് ജീവനക്കാരെത്തി കമ്പാർട്ട്മെന്റ് വൃത്തിയാക്കും.
ഇതിനായി ക്ലീൻ (സ്പേസ്) നിങ്ങളുടെ ടിക്കറ്റിന്റെ 10 അക്ക പി എൻ ആർ നമ്പർ ചേർത്ത് 58888 എന്ന നമ്പരിലേയ്ക്ക് എസ്.എം.എസ്. അയച്ചാൽ മതിയാകും. CLEAN<space><10digit PNR>
എസ്.എം.എസ്. അയച്ചാലുടൻ, കോഡ് നമ്പർ സഹിതം മറുപടിയും ലഭ്യമാകും. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത്-സ്വച്ഛ് റെയിൽ കാമ്പയിനിന്റെ ഭാഗമായാണിതെന്ന് റെയിൽ വേ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
തുടക്കത്തിൽ ഈ സൗകര്യം കൊങ്കൺ കന്യ, മണ്ഡോവി എക്സ്പ്രസ്സുകളിലാണ് ലഭ്യമാവുക. ട്രെയിനുകളിൽ ഈ സൗകര്യം വെളളിയാഴ്ച മുതൽ ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ പദ്ധതി രാജ്യം മുഴുവൻ വ്യാപിക്കും.