ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് പ്രസിഡന്റ് കനയ്യ കുമാറിനെ ഭഗത് സിംഗിനോട് ഉപമിച്ച ശശി തരൂര്‍ എംപി വിവാദത്തില്‍. ജെഎന്‍യു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നതിനിടെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഭഗത് സിംഗിനെ അപമാനിക്കുന്നതാണ് ശശി തരൂരിന്റെ പ്രസ്താവനയെന്നും ബിജെപി ചൂണ്ടിക്കാട്ടി. കനയ്യ ഭഗത് സിംഗ് ആണെങ്കില്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ആരാകുമെന്ന് ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ചോദിച്ചു.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചാണ് ഭഗത് സിംഗ് തൂക്കിലേറിയത്. ആ ധീരനായ പോരാളിയെ കനയ്യ കുമാറിനോട് ഉപമിക്കുക വഴി മുഴുവന്‍ രാജ്യസ്നേഹികളെയും അപമാനിക്കുകയാണ് തരൂര്‍ ചെയ്തിരിക്കുന്നതെന്നും ഷാനവാസ് ഹുസൈന് കുറ്റപ്പെടുത്തി. ജെഎന്‍യുവില്‍ ഉയര്‍ന്ന രാജ്യവിരുദ്ധ സ്വഭാവമുളള മുദ്രാവാക്യത്തില്‍ ഗാന്ധിയും നെഹ്റുവും പോലും അസ്വസ്ഥരാകുമെന്നും ഷാനവാസ് ഹുസൈന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ താന്‍ കനയ്യയെ ഭഗത് സിംഗിനോട് ഉപമിച്ചിട്ടില്ലെന്നും സദസിലുണ്ടായിരുന്ന ഒരു വിദ്യാര്‍ഥിയാണ് ഭഗത് സിംഗിനെക്കുറിച്ച് പരാമര്‍ശിച്ചതെന്നും ശശി തരൂര്‍ വ്യക്തമാക്കി. ഇതേ പ്രായത്തില്‍ ഭഗത് സിംഗിനുണ്ടായിരുന്ന അതേ സ്വാഭാവ ഗുണങ്ങള്‍ തന്നെയാണ് കനയ്യയിലും കാണാന്‍ കഴിയുന്നത് എന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും ശശി തരൂര്‍ വിശദീകരിച്ചു. ഞായറാഴ്ച വൈകിട്ടായിരുന്നു ജെഎന്‍യുവില്‍ ശശി തരൂര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്.
ശശി തരൂരിന്റെ വാക്കുകള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഭഗത് സിംഗിനെപ്പോലുളള ധീരദേശാഭിമാനിയെ കനയ്യയോട് ഉപമിച്ചതില്‍ തരൂരിനെതിരേ വ്യാപക വിമര്‍ശനവും ട്വിറ്ററില്‍ നിറഞ്ഞു. ഇതേ തുടര്‍ന്നാണ് തരൂരിന്റെ വിശദീകരണം. ഭഗത് സിംഗിനെ ആരുമായും താരതമ്യപ്പെടുത്താനാകില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രതികരണം.
ഫെബ്രുവരി ഒന്‍പതിന് സംഘടിപ്പിച്ച അഫ്സല് അനുസ്മരണത്തില്‍ ഉയര്‍ന്ന പല മുദ്രാവാക്യങ്ങളോടും യോജിക്കാന്‍ തനിക്കാകില്ലെന്നും ശശി തരൂര്‍ വിദ്യാര്‍ഥികളോട് തുറന്നുപറഞ്ഞു. പല മുദ്രാവാക്യങ്ങളും തന്നെയും രാജ്യത്തെ നല്ല ജനങ്ങളെയും അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.