ന്യൂഡല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഗവര്‍ണറുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ സുപ്രീംകോടതിയുടെ അനുമതി. ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെയും ചിത്രങ്ങള്‍ മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുളളൂവെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഭേദഗതി ചെയ്താണ് കോടതി പുതിയ ഉത്തരവിറക്കിയത്.
ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പുറമേ അസം, പശ്ചിമബംഗാള്‍, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു. കോടതിയുടെ ഉത്തരവ് ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.
ഇത്തരം നയപരമായ കാര്യങ്ങളില്‍ കോടതിയുടെ ഇടപെടലിനെയും സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. പരസ്യങ്ങളില്‍ ആരുടെ ചിത്രം പതിക്കണമെന്നും പരസ്യങ്ങളുടെ ഉളളടക്കം എന്താകണമെന്നും തീരുമാനിക്കാനുളള അധികാരം സര്‍ക്കാരുകള്‍ക്ക് നല്‍കണമെന്നും കേന്ദ്രം വാദിച്ചു. ഇത് കണക്കിലെടുത്താണ് ഉത്തരവ് പുനപ്പരിശോധിക്കാന്‍ കോടതി തയ്യാറായത്.