കാസര്‍ഗോഡ്: നടന് കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് കുടുംബം ആവശ്യപ്പെട്ടാല്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിലവിലെ അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം ഉണ്ടായിരുന്നുവെന്ന് ആന്തരീകാവയവ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബവും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുമെന്ന് രാവിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. പഴുതില്ലാത്ത സമഗ്ര അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണമെങ്കില്‍ അതും നടത്തുമെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണ സംഘത്തെ വിപുലപ്പെടുത്തണോയെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.