പാലക്കാട്: നവീകരിക്കാത്ത ചില്‍ഡ്രന്‍സ് പാര്‍ക്ക് നവീകരിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതായി ശിലാഫലകം സ്ഥാപിച്ച കോണ്‍ഗ്രസ് പാലക്കാട് ജില്ലാ നേതൃത്വം വെട്ടിലായി. പാലക്കാട് കല്പാത്തിയിലെ മണല്മന്തയിലാണ് പാര്‍ക്ക് നവീകരിച്ച് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതായി കാണിച്ച് കോണ്‍ഗ്രസുകാര്‍ ശിലാഫലകം സ്ഥാപിച്ചത്.
പാര്‍ക്കിന്റെ ദയനീയാവസ്ഥ കാരണം കുട്ടികളും നാട്ടുകാരും ഉപേക്ഷിച്ച ചില്‍ഡ്രന്‍സ് പാര്ക്കിന് മുന്നിലാണ് നവീകരണ ഉദ്ഘാടനം നടത്തിയതിന്റെ ഫലകം കോണ്‍ഗ്രസുകാര്‍ സ്ഥാപിച്ചത്. ശിലാഫലകം കണ്ട് പരിശോധിച്ച നാട്ടുകാര്‍ക്ക് പാര്‍ക്കിന്റെ അവസ്ഥയില്‍ യാതൊരു മാറ്റവും കാണാനായില്ല. എംഎല്‍എ ഷാഫി പറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്റെ സാന്നിധ്യവും എഴുതിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അങ്ങനൊരു ചടങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പ്രമീള ശശിധരന് വ്യക്തമാക്കുന്നത്.
ഈ മാസം നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കല്പാത്തിയിലെ മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. ആ ദിവസമാണ് മണല്മന്തയിലെ ചില്‍ഡ്രന്്സ് പാര്‍ക്ക് നവീകരിച്ചതെന്ന് ശിലാഫലകത്തില്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ്് തിയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഉദ്ഘാടന മാമാങ്കത്തിന്റെ പുതിയ രീതിയിലുള്ള തട്ടിപ്പാണ് നടന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കല്പാത്തിയിലെ ജനങ്ങളെ കയ്യിലെടുക്കാന്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിനു വേണ്ടി പ്രാദേശിക നേതൃത്വത്തിന്റെ ബുദ്ധിയില്‍ ഉദിച്ച ആശയമാണ് ഇതെന്നാണ് വിവരം. എന്നാല്‍ തട്ടിപ്പ് മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ഷാഫി പറമ്പിലിനും മുഖ്യമന്ത്രിക്കും സംഗതി നാണക്കേടായിരക്കുകയാണ്.