ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വിതരണം ചെയ്യാന്‍ അളന്നു തിരിച്ചിട്ട സര്‍ക്കാര്‍ ഭൂമി സ്വകാര്യ റിസോര്‍ട്ട് കമ്പനിക്ക് കൈമാറി. റവന്യൂ മന്ത്രിയൂടെ ഓഫീസാണ് ഭൂമി കൈമാറികൊണ്ടുള്ള വിവാദ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്ത് തന്നെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലേക്ക് ഏറ്റവും അധികം അപേക്ഷകള്‍ ആലപ്പുഴയില്‍നിന്ന് ലഭിച്ചിരിക്കെയാണ് സര്‍ക്കാരിന്റെ വിവാദ ഉത്തരവ്.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വിതരണം ചെയ്യാനായി കലവൂര്‍ വില്ലേജിലെ പൊള്ളേത്തെ തീരത്തിന് പടിഞ്ഞാറായി അളന്ന് തിരിച്ചിട്ട ഭൂമിയാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രാ ഹൗസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിസോര്‍ട്ട് കമ്പനിക്ക് കൈമാറാന്‍ റവന്യൂ മന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കി പകരം മറ്റൊരു ജില്ലയില്‍ പട്ടയഭൂമി വാങ്ങാന്‍ നിലവില്‍ നിയമമില്ലെന്ന ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് മറികടന്നാണ് ഭൂമികൈയേറ്റം.
ഇന്‍ഫ്രായുടെ ഉടമ ജോര്‍ജ് ഇ ജോര്‍ജിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഒരുലക്ഷം രൂപയ്ക്ക് മേല്‍ മാര്‍ക്കറ്റ് വിലയുള്ള 82 അര സെന്റ് ഭൂമി കൈമാറ്റം ചെയ്തപ്പോള്‍ പകരം പാലക്കാട് ജില്ലയിലെ കോട്ടത്തറയില്‍ 2500 രൂപ മാത്രം ന്യായവിലയുള്ള നാലര ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരിന് ലഭിച്ചത്. ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്പ്പെടുത്ത വിതരണം ചെയ്യാനായി സര്‍ക്കാര്‍ ഭൂമി 26 പ്ലോട്ടുകളായി തിരിച്ചിരുന്നു. ഗുണഭോക്താക്കളെ നിശ്ചയിച്ച് ഭൂമി വിതരണം ചെയ്യാനുള്ള നടപടി അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഫോണ്‍ മുഖാന്തരമുള്ള നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടികള്‍ നിര്‍ത്തിവച്ചത്.
സി.ആര്.ഇസഡ് നിയമ പ്രകാരം കെട്ടിടനിര്‍മ്മാണം അനുവദിക്കാനാകാത്ത ഭൂമിയാണ് ഇതെന്ന് സര്‍ക്കാരും റിസോര്‍ട്ട് ഉടമയും ചൂണ്ടികാട്ടുന്നുണ്ടെങ്കിലും തഹസില്‍ദാരുടെയും വില്ലേജ് ഓഫീസറുടെയും റിപ്പോര്‍ട്ടില്‍ വിവാദ ഭൂമി തീരത്തുനിന്നും 113 മീറ്റര്‍ മാറിയാണെന്നും പഴയ കെട്ടിടങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നതായും സമീപത്ത് മറ്റു താമസക്കാരുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്. ഇത് കണക്കിലെടുത്ത് 2015 ലെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഭൂമി വിതരണം ചെയ്യാനുള്ള തീരുമാനവും സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു.
അമ്പലപ്പുഴ താലൂക്കിലെ മത്സ്യ തൊഴിലാളികളില്‍ നിന്നാണ് പദ്ധതിയിലേക്ക് ഏറ്റവും അധികം അപേക്ഷകള്‍ ലഭിച്ചതെന്നും റവന്യൂ വകുപ്പിന്റെ രേഖകളില്‍ പറയുന്നു. മത്സ്യ തൊഴിലാളികളായ അപേക്ഷകര്‍ക്ക് പാലക്കാട് ജില്ലയിലെ മലയോര മേഖലയില്‍ ഭൂമി ലഭിച്ചാല്‍ പ്രയോജനം ഇല്ലെന്നതും സര്‍ക്കാര്‍ പരിഗണിക്കേണ്ടതായിരുന്നു. സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ക്ക് വിധേയമായാണ് ഭൂമി കൈമാറ്റം നടന്നതെന്നും ഇന്‍ഫ്രായ്ക്ക് ലഭിച്ചതിന്റെ അഞ്ചിരട്ടി ഭൂമി പാലക്കാട് ജില്ലയില്‍ കൈമാറിയിട്ടുണ്ടെന്നും ജോര്‍ജ് ഇ ജോര്‍ജ് ജനം ടിവിയോട് പറഞ്ഞു. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ മറവില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി ഡോ. തോമസ് ഐസക്ക് എം.എല്‍.എ. ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ട ഭൂമി റിസോര്‍ട്ടിന് കൈമാറി പകരം പാലക്കാട്ട് ഭൂമി നല്‍കുന്നത് അന്യായമാണ്. ഈ ഭൂമികൈമാറ്റം വെട്ടിപ്പും അഴിമതിയുമാണെന്നും ഐസക്ക് പറഞ്ഞു.