ന്യൂഡല്‍ഹി: മെഴുകുപ്രതിമകളിലൂടെ പ്രശസ്തമായ മാഡം തുസാഡ്സ് മെഴുകു മ്യൂസിയങ്ങളില്‍ ഇനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമയും. മാഡം തുസാഡ്സിന്റെ ലണ്ടന്‍, സിംഗപ്പൂര്‍, ഹോങ് കോങ്, ബാങ്കോക്ക് മ്യൂസിയങ്ങളിലാണ് ലോകനേതാക്കള്‍ക്കൊപ്പം നരേന്ദ്രമോദിയുടെ പ്രതിമയും ഇടം പിിടിക്കുക.
ലോകരാഷ്ട്രീയത്തിലെ പ്രധാന വ്യക്തിത്വമെന്ന് വിശേഷിപ്പിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രതിമ തങ്ങളുടെ മെഴുകു മ്യൂസിയത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച വിവരം മാഡം തുസാഡ്സ് അധികൃതര്‍ പുറത്തുവിട്ടത്. ടൈം മാഗസിന് ലോക രാഷ്ട്രീയക്കാരിലെ ആദ്യ പത്തില്‍ ഒരാളായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതും മ്യൂസിയും അധികൃതര്‍ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നും മാഡം തുസാഡ്സ് അധികൃതര്‍ വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയയില്‍ മോഡിയുടെ സ്വ്വാധീനവും പരിഗണിച്ചതായി മ്യൂസിയും അധികൃതര്‍ അറിയിച്ചു.നാല് മാസങ്ങള്‍ക്ക് മുന്‍പാണ് പ്രധാനമന്ത്രിയുടെ മെഴുകു പ്രതിമ തുസാഡ്സിലെ കലാകാരന്മാര് നിര്‍മിക്കാന്‍ തുടങ്ങിയത്. 1,50,000 ബ്രിട്ടീഷ് പൗണ്ടാണ് പ്രതിമ നിര്‍മിക്കാന്‍ വേണ്ടിവരുന്ന തുക.
ക്രീം നിറത്തിലുളള കുര്‍ത്തയും ജാക്കറ്റും അണിഞ്ഞ് പരമ്പരാഗത രീതിയില്‍ നമസ്തെ പറഞ്ഞു നില്ക്കുന്ന രീതിയിലാണ് പ്രതിമ രൂപകല്പന ചെയ്തിട്ടുളളത്. അടുത്ത മാസം പ്രതിമ പ്രദര്‍ശിപ്പിക്കാനാണ് മ്യൂസിയം അധികൃതരുടെ പദ്ധതി.