തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. യുവതാരം ദുല്‍ഖര്‍ സല്മാന് ആണ് മികച്ച നടന്. ചാര്‍ലിയിലെ അഭിനയമാണ് ദുല്‍ഖറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ചാര്‍ലിയിലെയും എന്ന് നിന്റെ മൊയ്തീനിലെയും അഭിനയമാണ് പാര്‍വ്വതിയെ മികച്ച നടിക്ക് അര്‍ഹയാക്കിയത്. മാര്ട്ടിന് പ്രക്കാട്ട് ആണ് മികച്ച സംവിധായകന്.
മികച്ച പിന്നണിഗായകനുളള പുരസ്കാരം പി. ജയചന്ദ്രന് നേടി. ഞാന്‍ ഒരു മലയാളി, ജിലേബി, എന്ന് നിന്റെ മൊയ്തീന് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളാണ് മലയാളിയുടെ പ്രിയഗായകനെ ഒരിക്കല്‍ കൂടി പുരസ്കാരത്തിന് അര്‍ഹനാക്കിയത്. മികച്ച സംഗീത സംവിധായകന് രമേശ് നാരായണന് ആണ്. എന്ന് നിന്റെ മൊയ്തീനിലെ ശാരദാംബരം എന്ന് തുടങ്ങുന്ന ഗാനമാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. ബിജിപാലിനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുളള പുരസ്കാരം ലഭിച്ചത്. പത്തേമാരി , നീന എന്നീ ചിത്രങ്ങളിലെ മികവിനാണ് പുരസ്കാരം.
ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അഞ്ജലി പി.വി ആണ് മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. നിര്‍ണായകത്തിലെ അഭിനയത്തിന് പ്രേം പ്രകാശ് മികച്ച സ്വഭാവ നടനായും തെരഞ്ഞെടുക്കപ്പെട്ടു. മോഹവലയത്തിലെ അഭിനയത്തിന് ജോയ് മാത്യു ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
ബെന്‍ ചിത്രത്തിലെ പ്രകടനത്തിന് ഗൗരവ് ജി മേനോനും മാല്‍ഗുഡി ഡെയ്സിലെ അഭിനയത്തിന് ജാനകി മേനോനും മികച്ച ബാലതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലി എന്ന് നിന്റെ മൊയ്തീന് എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജോമോന് ടി ജോണ്‍ ആണ് മികച്ച ഛായാഗ്രാഹകന്‍. ഹരികുമാര്‍ (കാറ്റും മഴയും) ആണ് മികച്ച കഥാകൃത്തിനുളള പുരസ്കാരം നേടിയത്.