കൊല്ലം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പണമിടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സോളാര്‍ കേസില്‍ സംസ്ഥാനത്തിന് പുറത്ത് നടന്ന ഇടപാടുകള്‍ പരിശോധിക്കുന്നതില്‍ കേരള പൊലീസിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തിലാണ് ഡല്‍ഹിയിലെ ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് കുമ്മനം രാജശേഖരന് കൊല്ലത്ത് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മകന് പറഞ്ഞിട്ടാണ് പണം കൈമാറിയതെന്നാണ് പറഞ്ഞിരിക്കുന്നത്. ഡല്‍ഹിയിലെ ഇടപാട് അന്വേഷിച്ചാല്‍ തട്ടിപ്പിന് പിന്നിലെ രാഷ്ട്രീയബന്ധം ഒന്നുകൂടി വ്യക്തമാകുമെന്നും കുമ്മനം പറഞ്ഞു. ഡല്‍ഹിയില്‍ പോയി മുഖ്യമന്ത്രിയെ കണ്ടതിന്റെയും മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിളയ്ക്ക് പണം കൈമാറിയതിന്റെയും വിവരങ്ങള്‍ കഴിഞ്ഞ ആഴ്ച സോളാര്‍ കമ്മീഷന് മുന്‍പാകെ സരിത വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ ന്യായീകരിച്ചതിലൂടെ എ.കെ ആന്റണിയുടെ ആദര്‍ശമുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ച് പിണറായിയും ടി.പി കേസില്‍ സിബിഐ അന്വേഷണം വൈകിപ്പിച്ച് ഉമ്മന്‍ചാണ്ടിയും തെരഞ്ഞെടുപ്പുകാല അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി. ടിപി, സോളാര്‍ കേസുകളില്‍ വി.എസ് അച്യുതാനന്ദന്റെ മൗനവും സംശയാസ്പദമാണെന്ന് കുമ്മനം പറഞ്ഞു. ബംഗാള്‍ മോഡല്‍ കൂട്ടുകെട്ടിന് കേരളത്തില്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ കനത്ത തിരിച്ചടി നല്‍കുമെന്നും കുമ്മനം പറഞ്ഞു.