കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം നടത്താനുളള ഹൈക്കോടതി വിധിക്കെതിരേ സിപിഎം അപ്പീല്‍ നല്‍കും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എം.വി ജയരാജനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ ബിജെപിയും ആര്‍എസ്എസും പരസ്പര സഹായസഹകരണ സംഘം പോലെ പ്രവര്‍ത്തിക്കുകയായിരുന്നെന്നും ആര്‍എസ്എസും കോണ്‍ഗ്രസും തമ്മിലുളള കൂട്ടുകെട്ട് വ്യക്തമായതുകൊണ്ടാണ് കേസില്‍ അപ്പീല്‍ നല്കാന് തീരുമാനിച്ചതെന്നും എം.വി ജയരാജന് പറഞ്ഞു. ഷുക്കൂറിന്റെ അമ്മ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയും ടി.വി രാജേഷ് എംഎല്‍എയെയും കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടന്നുവെന്ന് ഉള്‍പ്പെടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.
കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിന്റെ തുടരന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അപ്പീല്‍ നല്കാന് സിപിഎം തീരുമാനിച്ചത്. കതിരൂര്‍ മനോജ് വധക്കേസില്‍ നിലവില്‍ നടക്കുന്ന സിബിഐ അന്വേഷണത്തിന് പിന്നാലെയാണ് ഷുക്കൂര്‍ വധക്കേസിലും സിബിഐ അന്വേഷണം നിലവില്‍ വരിക. അപ്പീല്‍ നല്‍കുന്നതിലൂടെ തീരുമാനം പരമാവധി വൈകിപ്പിക്കുകയാണ് സിപിഎം ലക്ഷ്യമിടുന്നത്. കോടതി വിധി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ആയുധമാക്കുന്നത് തടയുകയെന്ന ലക്ഷ്യവും സിപിഎമ്മിന്റെ നീക്കത്തിന് പിന്നിലുണ്ട്.
2012 ഫെബ്രുവരി 20 നാണ് ഷുക്കൂര്‍ കൊല്ലപ്പെടുന്നത്. സിപിഎം-ലീഗ് സംഘര്‍ഷം നിലനിന്ന പട്ടുവത്ത് പി. ജയരാജനെയും എം.ബി രാജേഷിനെയും ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞുവെയ്ക്കുകയും ഇരുവരും വന്ന വാഹനത്തിന് നേരെ അക്രമം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഷുക്കൂറിനെ കൊലപ്പെടുത്തുകയായിരുന്നു.