തിരുവനന്തപുരം: ദയവായി ഇനിയുള്ള ഒന്നോ രണ്ടോ മാസമെങ്കിലും തമ്മില്‍ തല്ലരുത്. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് വഴക്ക് ഒഴിവാക്കി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അത് കഴിയുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ശക്തരായി തമ്മില്‍ തല്ലിക്കോ. ഒരു പ്രശ്നവുമില്ല. ഞാനും വരാം നിങ്ങളുടെ വഴക്ക് കേള്‍ക്കാന്‍. തിരുവനന്തപുരത്ത് നടന്ന കെപിസിസി വിശാല എക്സിക്യൂട്ടീവില്‍ കോണ്‍ഗ്രസ് ദേശീയ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകളായിരുന്നു ഇത്.
മുതിര്‍ന്ന നേതാക്കള്‍ക്കുള്ള ഉപദേശമായിരുന്നു രാഹുല്‍ നല്‍കിയത്. രാഹുലിന്റെ വാക്കുകള്‍ പാര്‍ട്ടിക്കുള്ളില്‍ തമ്മില്തല്ലുണ്ടെന്ന തുറന്ന് സമ്മതിക്കല്‍ കൂടിയായിരുന്നെങ്കിലും നിര്‍വ്വാഹക സമിതിയംഗങ്ങള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. സോളാറും ബാര്‍ കോഴയും ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടും അല്ലാതെയും പാര്‍ട്ടിയിലെ ഓരോ വിഭാഗങ്ങളുടെയും പരാതികള്‍ ദിവസവും ഹൈക്കമാന്‍ഡിന്റെ ഉറക്കം കെടുത്തി തുടങ്ങിയ സാഹചര്യത്തിലാണ് രാഹുലിന്റെ ഉപദേശം.
സംഘടനാ കാര്യങ്ങളെക്കാള്‍ മുതിര്‍ന്ന നേതാക്കളെ ഉപദേശിക്കാനായിരുന്നു യോഗത്തില്‍ രാഹുല്‍ കൂടുതല്‍ സമയവും വിനിയോഗിച്ചത്. മുതിര്‍ന്ന നേതാക്കളെന്ന് പലപ്പോഴും അദ്ദേഹം പേരെടുത്ത് പരാമര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ വഴക്കുകൂടാനുള്ള സമയമല്ല. ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. കോണ്‍ഗ്രസ് ഒരു കുടുംബമാണ്. ഒരു കുടുംബം പോലെയാണ് പോരാടേണ്ടത്. അങ്ങനെ അഞ്ച് വര്‍ഷം കൂടി കേരളത്തില്‍ കോണ്‍ഗ്രസിന് ഭരിക്കാനുളള സാഹചര്യം ഉണ്ടാക്കിത്തരണമെന്നും രാഹുല്‍ പറഞ്ഞു.
കേരളത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസിനെ തോല്പിക്കാനുള്ള ശേഷിയില്ല. കോണ്‍ഗ്രസുകാര്‍ തന്നെ വിചാരിച്ചെങ്കിലേ കോണ്‍ഗ്രസ് പരാജയപ്പെടുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന് സംസ്ഥാന നേതാക്കള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിക്കുമ്പോഴാണ് തല്‍ക്കാലത്തേക്കെങ്കിലും തമ്മില്‍ തല്ലരുതെന്ന അഭ്യര്‍ഥന പാര്‍ട്ടി യോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയത്.