ചെന്നൈ: സംഗീത സംവിധായകന് ജോണ്‍സണ്‍ന്റെ മകള്‍ ഷാന്‍ ജോണ്‍സണ്‍ന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഷാനിന്റെ മരണം സ്വാഭാവിക മരണമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെന്നൈയിലെ റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലാണ് ഷാനിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. അതിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം ഇന്ന് റോഡ് മാര്‍ഗം തൃശൂരിലെ തറവാട് വീടായ ചേലക്കോട്ടുകര തട്ടിൽ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടുമണിയോടെ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്കരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാന്‍ ജോണ്‍സണിനെ കോടാംപക്കത്തെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്നൈയില്‍ താമസമാക്കിയിരുന്ന ഷാന്‍ ചുരുങ്ങിയ കാലം കൊണ്ട് ഗായികയും, സംഗീത സംവിധായികയുമായി പേരെടുത്തിരുന്നു. ഷാന്‍ സ്വന്തമായി സംഗീതം നല്കിയ പാട്ടിന്റെ റെക്കോര്‍ഡിംഗ് നടന്നുവരികയായിരുന്നു.