ഹൈദരാബാദ്: രോഹിത് വെമുല ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് തമാശ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഭരണത്തിലിരുന്നപ്പോള്‍ ഒരിക്കലും ദളിതരെക്കുറിച്ച് ആശങ്കപ്പെടുകയോ അവരെക്കുറിച്ച് ചിന്തിക്കുകയോ ചെയ്യാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വെങ്കയ്യ നായിഡു പരിഹസിച്ചു.
കോണ്‍ഗ്രസിന്റെ ദീര്‍ഘകാലത്തെ വഴിവിട്ട ഭരണവും സമൂഹത്തെ ഭിന്നിപ്പിക്കുന്ന അജന്‍ഡയുമാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ സംഭവങ്ങള്‍ക്ക് കാരണം. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേതെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. ഹൈദരാബാദില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വെങ്കയ്യ നായിഡു.
ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ ജീവനൊടുക്കുന്ന ആദ്യത്തെ വിദ്യാര്‍ഥിയല്ല രോഹിത്. കോണ്‍ഗ്രസ് ഭരണകാലത്ത് പത്ത് വിദ്യാര്‍ഥികള്‍ ഇവിടെ ജീവനൊടുക്കിയിട്ടുണ്ട്. സോണിയയോ രാഹുലോ ദ്വിഗ്് വിജയ് സിംഗോ ആരും ആ സമയത്ത് ഈ സര്‍വ്വകലാശാലയിലേക്ക് വന്നിട്ടില്ലെന്നും ആരും ഒരു മരണത്തിലും അനുശോചിച്ചിട്ടില്ലെന്നും വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. എന്നാല്‍ രോഹിതിന്റെ ആത്മഹത്യയോടെ കോണ്‍ഗ്രസ് നാടകം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വന്തം സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ സമാനമായ രീതിയില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥികളോടോ ദളിത് സമൂഹത്തിനോടോ യാതൊരു ധര്‍മവും പാലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. അന്ന് നിശബ്ദമായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ വിപ്ലവകാരികളാകുകയാണെന്നും വെങ്കയ്യ നായിഡു പരിഹസിച്ചു.