അമൃത്സര്‍: പഞ്ചാബിലെ പഠാന്‍കോട്ടില്‍ വീണ്ടും തീവ്രവാദികളെന്ന് സംശയം. ഇവിടെ നിന്ന് അപ്രത്യക്ഷമായിരുന്ന ഒരു ടാക്സി കാറിന്റെ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് പുതിയ ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
പഠാന്‍കോട്ട് വ്യോമാക്രമണത്തിന് മുന്‍പ് ഗുര്‍ദാസ്പൂര്‍ എസ്പിയുടെ വാഹനം മോഷ്ടിച്ചാണ് തീവ്രവാദികള്‍ എത്തിയത്. സമാനമായ സാഹചര്യത്തില്‍ വാഹനം അപ്രത്യക്ഷമായതിനാല്‍ പൊലീസ് ഗൗരവമായിട്ടാണ് വിഷയം പരിഗണിക്കുന്നത്.
വാഹനത്തിന്റെയും അത് വാടകയ്ക്ക് എടുത്ത ആളുകളുടെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. എച്ച്പി 01 ഡി 2440 എന്ന നമ്പരിലുള്ള വെള്ള ഓള്‍ട്ടോ കാറാണ് അപ്രത്യക്ഷമായത്. പഠാന്‍കോട്ടില്‍ നിന്ന് വാടകയ്ക്ക് വിളിച്ചുകൊണ്ടുപോയ വാഹനം പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. രണ്ട് ദിവസം മുന്‍പ് ഹിമാചല്‍പ്രദേശിലെ കാംഗ്രയില്‍ കാല്ട്ട പാലത്തില്‍ നിന്നുമാണ് ഡ്രൈവര്‍ വിജയ് കുമാറിന്റെ മൃതദേഹം ലഭിച്ചത്.
ഫഠാന്കോട്ട് ആക്രമണത്തിന് ശേഷം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സഫാരി വാഹനവും ഇതിന് മുന്‍പ് നോയിഡയില്‍ നിന്നും മോഷണം പോയിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്ത് ആക്രമണം നടത്താന്‍ തീവ്രവാദ സംഘങ്ങള്‍ പദ്ധതിയിടുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്തരം അസ്വാഭാവിക സംഭവങ്ങളും ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ പൊലീസ് ഏറെ ഗൗരവത്തോടെയാണ് ഇക്കാര്യം അന്വേഷിക്കുന്നത്.