ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന് നേരെ പാര്‍ട്ടിയിലെ വനിതാ അംഗത്തിന്റെ മഷിപ്രയോഗം. ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് കെജ് രിവാളിന് നേരെ യുവതി മഷി എറിഞ്ഞത്.
സദസിന്റെ മുന്ഭാഗത്തിരിക്കുകയായിരുന്ന യുവതി കെജ് രിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് മഷി എറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവതി ഇവരെ വെട്ടിച്ച് മഷി എറിയുകയായിരുന്നു. തന്റെ പേര് ഭാവന എന്നാണെന്നും പഞ്ചാബിലെ ആം ആദ്മി സേനയിലെ അംഗമാണ് താനെന്നും യുവതി പിന്നീട് പറഞ്ഞു.
മഷി എറിഞ്ഞതിന് പിന്നാലെ ഒരു സിഡിയും ഏതാനും പേപ്പറുകളും യുവതി കെജ് രിവാളിനെ ലക്ഷ്യമാക്കി എറിഞ്ഞു. കെജ് രിവാളും കൂട്ടരും അഴിമതി നടത്തിയെന്നും തന്റെ കൈയ്യില്‍ അതിന്റെ തെളിവുകള്‍ ഉണ്ടെന്നും യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നു.
സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന കാര്യത്തില്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസി അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡിവിഷണല്‍ കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഡല്‍ഹി സര്‍ക്കാര്‍ അടുത്തിടെ നടപ്പാക്കിയ വാഹന നിയന്ത്രണ പദ്ധതിയുടെ വിജയത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു കെജ് രിവാള്‍ റാലി വിളിച്ചു ചേര്‍ത്തത്.