മൂവാറ്റുപുഴ: ചോദ്യപ്പേപ്പര്‍ വിവാദത്തില്‍ മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ തൊടുപുഴ ന്യൂമാന്‍ കോളജിലെ മുന്‍ പ്രഫ. ടി.ജെ ജോസഫിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. വിമോചനയാത്രയുടെ ഇടുക്കി ജില്ലയിലെ പര്യടനത്തിനിടെയാണ് ടി.ജെ ജോസഫിന്റെ മൂവാറ്റുപുഴയിലെ വീട്ടില്‍ കുമ്മനം എത്തിയത്. മതതീവ്രവാദികള്‍ വെട്ടിമാറ്റി പിന്നീട് തുന്നിച്ചേര്‍ത്ത കൈപ്പത്തിയുമായി കൂപ്പുകൈകളോടെയാണ് ടി.ജെ ജോസഫ് കുമ്മനത്തെ സ്വീകരിച്ചത്.
ഇരകളാക്കപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും യാത്രയ്ക്കിടെ നേരില്‍ കണ്ട് പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടി.ജെ ജോസഫിനെ കുമ്മനം സന്ദര്‍ശിച്ചത്. കുമ്മനത്തെപ്പോലെ സമുന്നതനായ ഒരു നേതാവ് ഈ തിരക്കിനിടയിലും തന്നെ കാണാന്‍ എത്തിയത് വലിയ ബഹുമാനമായിട്ടാണ് താന്‍ കാണുന്നതെന്ന് ടി.ജെ ജോസഫ് പിന്നീട് പ്രതികരിച്ചു. തന്നോടും കുടുംബത്തോടുമുള്ള സ്നേഹം കൊണ്ടാണ് കുമ്മനം എ്ത്തിയതെന്ന് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിമോചനയാത്രയ്ക്ക് വിജയാശംസ നേരാനും ജോസഫ് മറന്നില്ല.
ഇച്ഛാശക്തിയാണ് ജോസഫിനെ ഇപ്പോഴും ജീവിപ്പിക്കുന്നതെന്ന് കുമ്മനം പറഞ്ഞു. വേട്ടക്കാര്‍ ഭരണം നിയന്ത്രിക്കുകയും ഇരകള്‍ക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുകയാണ് ഇവിടെ. സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ടി.ജെ ജോസഫിന് കഴിയട്ടെയെന്നും കുമ്മനം ആശംസിച്ചു.
മതനിന്ദ കലര്‍ന്ന ചോദ്യം ഉള്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് ടി.ജെ ജോസഫിന്റെ കൈപ്പത്തി മതതീവ്രവാദികള്‍ വെട്ടിമാറ്റിയത്. കഴിഞ്ഞ മെയിലാണ് കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൊച്ചിയിലെ എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്. സംഭവത്തില്‍ ടി.ജെ ജോസഫിന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.എന്‍ മധു, മണ്ഡലം പ്രസിഡന്റ് കെ.കെ ദിലീപ് കുമാര്‍, കൗണ്‍സിലര്‍ അഡ്വ. പ്രേംചന്ദ് തുടങ്ങിയവരും കുമ്മനത്തെ അനുഗമിച്ചിരുന്നു. ഇടുക്കി ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലാണ് ഇന്നലെ വിമോചനയാത്ര പര്യടനം നടത്തിയത്. വൈകിട്ട് കട്ടപ്പനയിലെ അമര്‍ ജ്യോതി ജവാന് സ്മാരകത്തിലെത്തി കുമ്മനം രാജശേഖരന് പുഷ്പാര്‍ച്ചന നടത്തി.