ദുബായ്: ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കങ്ങളിലൊന്നായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിന് കൊടിയിറങ്ങി. ജനുവരി ഒന്നിന് തുടങ്ങിയ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒട്ടേറെ പുതുമയേറിയ പരിപാടികളും ലോകപ്രശസ്ത കലാകാരന്മാരുടെ സാന്നിധ്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു.
‘വിശിഷ്ടമായതിന്റെ ചുരുളഴിക്കൂ’ എന്ന വിശേഷണത്തോടെ നടന്ന ഷോപ്പിംഗ് മേളയില്‍ 150 ലേറെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറിയത്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരുന്നു. ഇന്ത്യയില്‍ നിന്നടക്കമുള്ള ലോകോത്തര കലാകാരന്മാര് ആഘോഷങ്ങളില്‍ പങ്കെടുത്തു.
സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധന രേഖപ്പെടുത്തിയ ഷോപ്പിംഗ് മാമാങ്കം കാര്‍ണിവല്‍, ഭക്ഷ്യമേളകള്‍, ഫാഷന്‍ ഷോ, സാഹസിക വിനോദങ്ങള്‍ എന്നിവ കൊണ്ടും വ്യതസ്തമായി. ബട്ടര്‍ഫ്ളൈ ഗാര്ഡന്, ഗാര്‍ഡന്‍ഗ്ലോ, മാള്‍ ഓഫ് ദ് എമിറേറ്റ്സ്, ഫെസ്റ്റിവല്‍ സിറ്റി, തുടങ്ങിയ ഇടങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും അധികൃതര്‍ ഒരുക്കിയിരുന്നു.
മാളുകള്‍ വന്‍ ഓഫറുകളോടെയാണു കഴിഞ്ഞ 32 ദിനരാത്രങ്ങളില്‍ സന്ദര്‍ശകരെ വരവേറ്റത്. ഫെസ്റ്റിവലിന്റെ ഭാഗമായ ഗ്ലോബല്‍ വില്ലേജില്‍ ഏപ്രില്‍ വരെ ആഘോഷങ്ങള്‍ തുടരും.