കോഴിക്കോട്: ദേശീയ സ്കൂള്‍ കായിക മേളയില്‍ 100 മീറ്ററില്‍ കേരളത്തിന് നിരാശ. ഒരു വെള്ളിയും വെങ്കലവും മാത്രമാണ് കേരളത്തിന് അതിവേഗ താരങ്ങളെ കണ്ടെത്താനുളള മത്സരത്തില്‍ ലഭിച്ചത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കെ.എസ് പ്രണവ് ആണ് കേരളത്തിന് വേണ്ടി വെള്ളിമെഡല്‍ നേടിയത്. ജൂണിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ അഞ്ജലി പി.ഡിക്ക് വെങ്കലം ലഭിച്ചു.
എന്നാല്‍ 100 മീറ്ററില്‍ നിരാശപ്പെടുത്തിയെങ്കിലും 1500 മീറ്ററില്‍ കേരളം മികച്ച പ്രകടനം രാവിലെ പുറത്തെടുത്തിരുന്നു. രാവിലെ നടന്ന ഏഴിനങ്ങളില്‍ അഞ്ചിലും കേരള താരങ്ങളായിരുന്നു സ്വര്‍ണം നേടിയത്.
സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അബിത മേരി ഇമ്മാനുവല്‍ ആണ് സ്വര്‍ണം നേടിയത്. സി. ബബിതയാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്. സീനിയര്‍ ആണ്‍കുട്ടികളില്‍ ബിബിന്‍ ജോര്‍ജ് ആണ് സ്വര്‍ണമണിഞ്ഞത്. ജൂണിയര്‍ പെണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പി മീറ്റ് റെക്കോഡോടെ രണ്ടാമത്തെ സ്വര്‍ണം നേടി. നേരത്തെ 3000 മീറ്ററിലും അനുമോള്‍ തമ്പി സ്വര്‍ണം നേടിയിരുന്നു. പി.എന്‍ അജിത്തും 3000 മീറ്ററിലെ സ്വര്‍ണനേട്ടം 1500 മീറ്ററിലും ആവര്‍ത്തിച്ചു.