ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വകാര്യ സ്കൂളിലെ വാട്ടര്‍ ടാങ്കില്‍ വീണ് ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചയോടെ ഡല്‍ഹിയിലെ വാസന്ത് കുഞ്ചിലുള്ള റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലാണ് അപകടമുണ്ടായത്. ദിവ്യനാഷ് കക്രോറ എന്ന വിദ്യാര്‍ത്ഥിയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
സ്കൂളിലെ ഏഴാം പീരിയഡിനു ശേഷം വിദ്യാര്‍ത്ഥിയെ കാണാതാവുകയായിരുന്നു. കുട്ടിയെ കാണുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടി മൂടിയില്ലാത്ത വാട്ടര്‍ ടാങ്കില്‍ വീണു കിടക്കുന്നതായി കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസില്‍ അറിയിച്ചത്.
സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, കുട്ടിയുടെ മരണത്തില്‍ സ്കൂളിന്റെ അധികാരികളില്‍ ചിലര്‍ക്ക് പങ്കുണ്ടെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിട്ടുണ്ട്.