കൊച്ചി: അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിന്റെ മുപ്പത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. രാജേന്ദ്ര മൈതാനത്ത് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വിനയ് ബിദ്രെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് സംഭവത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തരംതാണ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് വിനയ് ബിദ്രെ കുറ്റപ്പെടുത്തി.
മൃതദേഹം വെച്ചുള്ള രാഷ്ട്രീയക്കളി രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം അല്ലാത്തപക്ഷം ഇതിനെതിരെ വിദ്യാര്‍ഥി പരിഷത്ത് രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നല്കി. ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ നടക്കുന്നത് ദളിത് വിഷയമല്ല. യാക്കൂബ് മേമനെ അനുകൂലിക്കുന്നവരും രാജ്യ സ്നേഹികളും തമ്മിലുള്ള പ്രശ്നമാണ് യഥാര്‍ത്ഥത്തില്‍ സര്‍വകലാശാലയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദളിത് പ്രശ്നങ്ങളില്‍ മറ്റു വിദ്യാര്‍ഥി സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി എന്നും എബിവിപി പ്രതികരിച്ചിട്ടുണ്ട്. ലോകത്ത് സഹിഷ്ണുത നിലനില്‍ക്കുന്ന ഏക രാജ്യം ഭാരതമാണെന്നും വിനയ് ബിദ്രെ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.കെ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ 2500 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
സമ്മേളനത്തിന്റെ ഭാഗമായി ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും രാജേന്ദ്ര മൈതാനം വരെ വിദ്യാര്‍ഥി റാലിയും സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എബിവിപി ദേശീയ സഹസംഘടനാ സെക്രട്ടറി ജി. ലക്ഷ്മണ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസം ദേശത്തിനായി, യുവത്വം മാറ്റത്തിനായി എന്ന സന്ദേശമാണ് സമ്മേളനം മുന്നോട്ട് വയ്ക്കുന്നത്. നാളെ ‘ദളിത് രാഷ്ട്രീയവും അംബേദ്ക്കറും’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും.
സമ്മേളനത്തിന്റെ ഭാഗമായി എബിവിപിയുടെ ചരിത്രവും വിദ്യാഭ്യാസ മേഖലയില്‍ എബിവിപി നടത്തിയ സമര പോരാട്ടങ്ങളും വരച്ചുകാട്ടുന്ന ചിത്രപ്രദര്‍ശനവും രാജേന്ദ്ര മൈതാനിയില്‍ ഒരുക്കിയിട്ടുണ്ട്.