റിയാദ്: സൗദി അറേബ്യയില്‍ മുസ്ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. റിയാദില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയായുള്ള അല്‍ഹസ്സ നഗരത്തിലുള്ള ഇമാം റിളാ മസ്ജിദില്‍ വെള്ളിയാഴ്ച നിസ്കാര സമയത്താണ് ഭീകരാക്രമണം ഉണ്ടായത്. സ്ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റതായി സൗദി ആഭ്യന്തരമന്ത്രാലയം സുരക്ഷാ വാക്താവ് അറിയിച്ചു.
അല്‍ഹസ്സ നഗരത്തില്‍ ആരാംകൊ കമ്പനിയും ജീവനക്കാരുടെ താമസകേന്ദ്രവും ഉള്‍പ്പെടുന്ന ഏറെ സുരക്ഷാവലയമുള്ള മഹാസിന്‍ ഏരിയയിലുള്ള പള്ളിയിലാണ് ഭീകരാക്രമണം ഉണ്ടായത്. നിസ്കാര സമയത്ത് ഒരു ഭീകരന് പള്ളിയില്‍ കടക്കുകയും അകത്ത് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. അതേ സമയത്തു തന്നെ പള്ളിയ്ക്ക് പുറത്ത് മറ്റൊരു ഭീകരന് സ്വയം ചാവേറായി പൊട്ടിത്തെറിക്കുകയും ചെയ്തു. ആക്രമണത്തിനു പിന്നില്‍ ഏതു ഭീകര സംഘടനയാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.