ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് നേരെ കഴിഞ്ഞ ദിവസം യുവതി മഷിയെറിഞ്ഞ സംഭവത്തില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം പൊളിയുന്നു. തനിക്ക് ഒപ്പം വേദിയിലുണ്ടായിരുന്ന പൊലീസുകാരോട് മാറിനില്ക്കാന് കെജ്് രിവാള്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷാ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന പൊലീസുകാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസംഗം ആരംഭിക്കുന്നതിന് മുന്‍പ് യൂണിഫോമില്‍ വേദിയില്‍ ആരും നില്‍ക്കേണ്ടെന്നും എല്ലാവരും താഴെയിറങ്ങാനും കെജ് രിവാള്‍ പിഎ മുഖാന്തിരം ആവശ്യപ്പെടുകയായിരുന്നു. സമാനമായ സാഹചര്യത്തെക്കുറിച്ച് നേരത്തെയും കെജ് രിവാളിന്റെ സുരക്ഷാ സംഘത്തിലെ പൊലീസുകാര്‍ ഉന്നത പൊലീസ് മേധാവികളോട് പരാതിപ്പെട്ടിരുന്നു. മുഖ്യമന്ത്രി പോകുന്നയിടങ്ങളില്‍ അനുഗമിക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലെന്നായിരുന്നു പരാതി. ഇതേ രീതിയില്‍ തന്നെയാണ് ഇവിടെയും സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയത്.
പല അവസരങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടാതെ മുഖ്യമന്ത്രി പോയതിന്റെ തെളിവായി ലോഗ് ബുക്കിലെ രേഖകളും ഉദ്യോഗസ്ഥര്‍ കാണിക്കുന്നു. ഇസഡ് പ്ലസ് സുരക്ഷയാണ് ഡല്‍ഹി പൊലീസ് കെജ് രിവാളിന് നല്‍കുന്നത്. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയാണ് കഴിഞ്ഞ ദിവസം കെജ് രിവാളിനെതിരേ യുവതി മഷിയെറിഞ്ഞത്. പഞ്ചാബിലെ ആം ആദ്മി സേനാംഗമായിരുന്നുയുവതി.
എന്നാല്‍ സംഭവത്തിന് ശേഷം ആം ആദ്മി നേതാക്കള്‍ സുരക്ഷാ വീഴ്ചയുടെ പേരില്‍ ഡല്‍ഹി പൊലീസിനെ കുറ്റപ്പെടുത്തുകയായിരുന്നു.